ജീവകാരുണ്യ-ദുരന്തനിവാരണ രംഗങ്ങളിലെ സജീവ സാന്നിധ്യമായ 'ടീം റെസ്ക്യൂ ഫോഴ്സ് കേരള'യുടെ ഈ വർഷത്തെ എക്സലൻസ് അവാർഡ് വിതരണവും പ്രതിഭകളെ ആദരിക്കലും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു. ഈരാറ്റുപേട്ട മാർക്കറ്റ് റോഡിലെ ഹാജി പി.കെ. അലിയാർ മെമ്മോറിയൽ മുൻസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പ്രസ്തുത ചടങ്ങ് പാലാ എം.എൽ.എ മാണി സി. കാപ്പൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
വിവിധ ഡിഗ്രി, പി.ജി കോഴ്സുകളിൽ റാങ്ക് ജേതാക്കളായവർ, കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ മിടുക്കർ, ഉന്നത വിജയം കൈവരിച്ച വിദ്യാലയങ്ങൾ എന്നിവരെ ചടങ്ങിൽ പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
.
ടീം റെസ്ക്യൂ പ്രസിഡന്റ് നൗഷാദ് വി.എം. അധ്യക്ഷത വഹിച്ച യോഗത്തിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സജി ജോസഫ് മുഖ്യാതിഥിയായിരുന്നു. ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ, നഗരസഭാ കൗൺസിലർ അൻവർ അലിയാർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദർ, ടീം നന്മക്കൂട്ടം പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ടീം റെസ്ക്യൂ രക്ഷാധികാരി ഡിജോ, ട്രഷറർ മുഹമ്മദ് യാസർ, മനാഫ് കെ.എം. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സംഘടനയിലേക്ക് പുതുതായി കടന്നുവന്ന അംഗങ്ങൾക്കുള്ള ഔദ്യോഗിക യൂണിഫോം വിതരണവും ഇതോടൊപ്പം നടന്നു. ടീം റെസ്ക്യൂ ഫോഴ്സ് മുഖ്യ രക്ഷാധികാരി പി.എം. അബ്ദുൽ ഖാദർ സ്വാഗതവും, സെക്രട്ടറി ആരിഫ് വാഴയിൽ നന്ദിയും രേഖപ്പെടുത്തി. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും വൻ ജനപങ്കാളിത്തവും കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.
----------------------------------------------------------------------------------------------------------------



