രാമപുരത്ത് കർക്കടക മാസ നാലമ്പല ദർശനത്തിന് വിപുലമായ ഒരുക്കങ്ങൾ



കർക്കടക മാസത്തിലെ പുണ്യമായ നാലമ്പല ദർശനത്തിനായി രാമപുരത്ത് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി നാലമ്പല ദർശന കമ്മിറ്റി അറിയിച്ചു. ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ശ്രീഭരതസ്വാമി ക്ഷേത്രം, മേതിരി ശ്രീശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലായി ഒരേ ദിവസം ഉച്ചപൂജയ്ക്ക് മുൻപ് ദർശനം നടത്തുന്നതാണ് നാലമ്പല ദർശനം. 

കോട്ടയം ജില്ലയിലെ രാമപുരത്തുള്ള ഈ നാല് ക്ഷേത്രങ്ങളും പരസ്പരം ഏകദേശം മൂന്ന് കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്നതിനാൽ ഭക്തർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ദർശനം പൂർത്തിയാക്കാൻ കഴിയുന്നതാണ് പ്രധാന പ്രത്യേകത. കേരളത്തിൽ മറ്റൊരിടത്തും ഇല്ലാത്ത ഈ സവിശേഷതയാണ് രാമപുരം നാലമ്പല ദർശനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത്.




ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം ആരംഭിച്ച് കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ശ്രീഭരതസ്വാമി ക്ഷേത്രം, മേതിരി ശ്രീശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തിയ ശേഷം വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതോടെയാണ് നാലമ്പല ദർശനം പൂർത്തിയാകുന്നത്. രാമായണമാസമായ കർക്കടകത്തിൽ ഈ ദർശനം നടത്തുന്നത് ഇഷ്ടകാര്യസിദ്ധിക്കും ദുരിതനിവാരണത്തിനും ഉത്തമമാണെന്ന വിശ്വാസമാണ് ഭക്തർക്കുള്ളത്.

ഭക്തജനങ്ങളുടെ സൗകര്യാർഥം മഴ നനയാതെ ക്യൂ നിൽക്കുന്നതിനുള്ള പന്തൽ സംവിധാനം, വിശാലമായ വാഹന പാർക്കിംഗ്, ഇൻഫർമേഷൻ സെന്ററുകൾ, വോളന്റിയർമാരുടെ സേവനം, വഴിപാടുകൾക്ക് പ്രത്യേക കൗണ്ടറുകൾ, പ്രസാദ വിതരണത്തിനുള്ള പ്രത്യേക ക്രമീകരണങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിൽ എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കും. ആരോഗ്യപ്രവർത്തകരുടെ സേവനവും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.



കർക്കടക മാസത്തിലെ ദർശനസമയം രാവിലെ 5 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 5 മുതൽ രാത്രി 7.30 വരെയുമാണ്.
നാല് ക്ഷേത്രങ്ങളിലെയും പ്രതിഷ്ഠകൾക്ക് പ്രത്യേക ആത്മീയ പ്രാധാന്യമുണ്ടെന്നും ക്ഷേത്രങ്ങൾക്ക് സമീപം ഭൂതകാളി ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നതാണ് മറ്റൊരു സവിശേഷതയെന്നും കമ്മിറ്റി അറിയിച്ചു.

ഒരുക്കങ്ങൾ പൂർത്തിയായതായി വാർത്താസമ്മേളനത്തിൽ മേതിരി ശ്രീശത്രുഘ്നസ്വാമി ക്ഷേത്രം സെക്രട്ടറി വിഷ്ണു കെ. എൻ., വി. സോമനാഥൻ നായർ, പബ്ലിസിറ്റി കൺവീനർ അക്ഷയ, നാലമ്പല ദർശന കമ്മിറ്റി സെക്രട്ടറി പി. ആർ. രാമൻ നമ്പൂതിരി, കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ഉണ്ണികൃഷ്ണകുമാർ എന്നിവർ അറിയിച്ചു.

----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0