ബസ് സ്റ്റോപ്പുകളിലെ സ്റ്റീൽ പൈപ്പ് ഇരിപ്പിടങ്ങൾ മാറ്റാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്; യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ സീറ്റുകൾ ഒരുക്കാൻ നിർദേശസംസ്ഥാനത്തെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സ്റ്റീൽ പൈപ്പ് ഇരിപ്പിടങ്ങൾ അടിയന്തരമായി മാറ്റാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. യാത്രക്കാർക്ക് ശരിയായി ഇരുന്ന് വിശ്രമിക്കാൻ കഴിയാത്ത തരത്തിൽ നിർമ്മിച്ചിരിക്കുന്ന നിലവിലെ ഇരിപ്പിടങ്ങൾക്ക് പകരം പ്രായമായവർക്കും രോഗികൾക്കും ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കും ഉൾപ്പെടെ എല്ലാവർക്കും സുരക്ഷിതമായും സുഖകരമായും ഉപയോഗിക്കാനാകുന്ന പരന്ന ബെഞ്ചുകളോ ഇരിപ്പിടങ്ങളോ സ്ഥാപിക്കണമെന്നാണ് കമ്മീഷന്റെ നിർദേശം.
ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ ആളുകൾ കിടന്നുറങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുമരാമത്ത് വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് പല സ്ഥലങ്ങളിലും ചരിഞ്ഞ രൂപത്തിലുള്ള സ്റ്റീൽ പൈപ്പ് ഇരിപ്പിടങ്ങൾ സ്ഥാപിച്ചത്. എന്നാൽ ഇത്തരം ഇരിപ്പിടങ്ങളിൽ ദീർഘനേരം ഇരിക്കാൻ കഴിയുന്നില്ലെന്നും വഴുതിവീഴാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി യാത്രക്കാരിൽ നിന്ന് വ്യാപകമായ പരാതികളാണ് ഉയർന്നത്.
വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, രോഗികൾ, ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്നവർ എന്നിവരാണ് ഇതുമൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ബസ് വൈകിയെത്തുന്ന സമയങ്ങളിൽ വിശ്രമിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാർക്ക് വിശ്രമസൗകര്യം ഒരുക്കേണ്ട ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ യഥാർഥ ലക്ഷ്യം നിറവേറ്റുന്നില്ലെന്നും നിലവിലെ ഇരിപ്പിട സംവിധാനം മനുഷ്യസൗഹൃദമല്ലെന്നും പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിയ്ക്കൻ പറഞ്ഞു.
ഉയർന്ന ജനരോഷവും തുടർച്ചയായി ലഭിച്ച പരാതികളും പരിഗണിച്ചാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് വിഷയത്തിൽ ഇടപെട്ടത്. പൊതുജനങ്ങൾക്ക് ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ അവരെ ബുദ്ധിമുട്ടിക്കുന്നതോ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്നതോ ആയിരിക്കരുതെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
സംസ്ഥാനത്തെ റോഡരികിലുള്ള എല്ലാ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലെയും അശാസ്ത്രീയമായ സ്റ്റീൽ പൈപ്പ് ചാരി-ഇരിപ്പിടങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും, പകരം എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാനാകുന്ന പരന്ന ബെഞ്ചുകളോ സൗകര്യപ്രദമായ ഇരിപ്പിടങ്ങളോ സ്ഥാപിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. ഇതിനായി പൊതുമരാമത്ത് വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
നടപടികൾ പൂർത്തിയാക്കിയ ശേഷം വിശദമായ റിപ്പോർട്ട് കമ്മീഷന് സമർപ്പിക്കാനും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മനുഷ്യസൗഹൃദവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പൊതുസൗകര്യങ്ങൾ ഉറപ്പാക്കാൻ കമ്മീഷന്റെ ഇടപെടൽ സഹായകമാകുമെന്നാണ് യാത്രക്കാരുടെയും സാമൂഹിക പ്രവർത്തകരുടെയും പ്രതീക്ഷ.
----------------------------------------------------------------------------------------------------------------



