എലിക്കുളം പഞ്ചായത്തിലെ ആളുറുമ്പ് പടിഞ്ഞാറ്റുമല ഭാഗത്ത് അമോണിയ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ ജനകീയ കൂട്ടായ്മ പ്രതിഷേധവുമായി രംഗത്ത്. മാസങ്ങള്‍ക്കുമുമ്പ് അമോണിയ പ്ലാന്റിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിയപ്പോള്‍ സമരവുമായി ഇവര്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും പ്ലാന്റുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിനാല്‍ സമിതി പ്രതിഷേധവുമായി രംഗത്തുവരുകയായിരുന്നു.ഒന്നരയേക്കറോളം ഭൂമിയില്‍ പ്ലാന്റിനായി ലൈസന്‍സിന് അപേക്ഷ നല്‍കിയത് പത്തനംതിട്ട ആസ്ഥാനമായ കമ്പനിയാണ്. ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് പ്രശ്‌നം സംബന്ധിച്ച് പഠനം നടത്താന്‍ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പഞ്ചായത്ത് ഉപസമിതിയെ നിയോഗിക്കുകയും പ്ലാന്റ് അനുവദിക്കില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
പ്ലാന്റിന്റെ കിലോമീറ്ററുകളോളം ചുറ്റളവില്‍ അപകടവ്യാപന ശേഷിയുള്ളതിനാല്‍ റെഡ് സോണില്‍ മാത്രം അനുവദിക്കേണ്ടതാണെന്നായിരുന്നു മുന്‍ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി ജനങ്ങളും പഞ്ചായത്തംഗങ്ങളും അന്ന് അഭിപ്രായപ്പെട്ടത്. സമീപത്തുള്ള നാല് കുടിവെള്ള പദ്ധതികള്‍ക്കും കാപ്പുകയം പാടശേഖരത്തിനും പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ പൊന്നൊഴുകുംതോടിനും ജനങ്ങള്‍ക്കും ഹാനികരമാകുമെന്ന ആശങ്കയാണ് ജനങ്ങള്‍ ഉപസമിതി മുമ്പാകെ പങ്കുവെച്ചത്. കെ.സ്മാര്‍ട്ട് വഴിയാണ് കമ്പനി അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, ഓണ്‍ലൈന്‍ അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍തന്നെ പ്രവര്‍ത്തന അനുമതി നല്‍കേണ്ടത് പഞ്ചായത്ത് കമ്മിറ്റിയാണെന്നും ജനങ്ങള്‍ക്ക് ദോഷകരമായ നടപടിക്ക് കൂട്ടുനില്‍ക്കില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് വിശദീകരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് രക്ഷാധികാരിയായ ജനകീയസമിതിയാണ് പ്ലാന്റിനെതിരേയുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ജോസഫ് മാത്യു തെക്കേക്കുറ്റ്(പ്രസി.), ജോര്‍ജ് ജോസഫ് കുരുവിനാക്കുന്നേല്‍(കണ്‍.), പഞ്ചായത്തംഗം ജിമ്മി ജോസ് കുഴിപ്പാലത്തറപ്പേല്‍ എന്നിവരാണ് സമിതിയുടെ നേതൃത്വം.ജനകീയസമിതിയുടെ പ്രതിഷേധത്തില്‍ ജോയ് മാത്യു തെക്കേക്കുറ്റ്, മാത്യൂസ് തെക്കേക്കുറ്റ്, മനോജ് മൈക്കിള്‍ തണ്ണിക്കോട്ട്, അഭിലാഷ് കുരുവിക്കൂട്ട് തകടി, വിത്സണ്‍ മാത്യു പാമ്പൂരിക്കല്‍, ജിമ്മിച്ചന്‍ മണ്ഡപത്തില്‍, ജിന്‍സ് മാത്യു വരകുകാലായില്‍, ജിതേഷ് നരിപ്പുറം, ജോസഫ് തോമസ് ചെരിയമാക്കല്‍ തുടങ്ങിയവരും പങ്കെടുത്തു.
----------------------------------------------------------------------------------------------------------------



