മരങ്ങാട്ടുപിള്ളി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ മരങ്ങാട്ടുപിള്ളി ഗവൺമെന്റ് ആശുപത്രിയിൽ അഞ്ച് കോടി രൂപ ചെലവിൽ നിർമിച്ച പുതിയ മന്ദിരം പ്രവർത്തനം തുടങ്ങിയിട്ട് ആറുവർഷമായിട്ടും കിടത്തി ചികിത്സ പുനരാരംഭിച്ചിട്ടില്ല. ഇതുമൂലം പ്രദേശവാസികൾക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യം ലഭ്യമാകാതെ വരികയാണ്.
രണ്ടുനിലകളുള്ള ആധുനിക കെട്ടിടമാണ് ആശുപത്രിക്കായി നിർമിച്ചത്. പുതിയ മന്ദിരം നിലവിൽ വന്നതോടെ 24 മണിക്കൂർ ചികിത്സാ സേവനവും കിടത്തി ചികിത്സയും ലഭ്യമാകുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാൽ നിലവിൽ ഡോക്ടറുടെ സേവനം രാവിലെ മുതൽ വൈകീട്ട് വരെ മാത്രമാണ്. നിരീക്ഷണം ആവശ്യമുള്ള രോഗികൾക്കായി പരിമിത സൗകര്യം മാത്രമാണ് ഒരുക്കിയിട്ടുള്ളത്.
പഴയ ആശുപത്രി കെട്ടിടത്തിൽ പരിമിത സൗകര്യങ്ങളോടെയെങ്കിലും കിടത്തി ചികിത്സ ഉണ്ടായിരുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പുതിയ മന്ദിരം പ്രവർത്തനം തുടങ്ങിയതോടെ ആ സേവനവും നിലച്ചതായി അവർ പറയുന്നു.
ആവശ്യമായ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും നിയമിച്ച് കിടത്തി ചികിത്സയും 24 മണിക്കൂർ സേവനവും ഉടൻ ആരംഭിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.



