പാലാ ളാലംമഹാദേവക്ഷേത്രത്തിന് സമീപത്തുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഇരുനിലമന്ദിരം ജീർണ്ണിച്ച നിലയിൽ. കെട്ടിടം നവീകരിക്കാനുള്ള നടപടികൾ വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 1980-ൽ നിർമ്മിച്ച ഈ കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒരു വർഷം മുൻപ് നവീകരണത്തിനുള്ള നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചെങ്കിലും നിലവിൽ ഇത് പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.
രണ്ട് നിലകളിലായി 10 മുറികളാണ് ഈ കെട്ടിടത്തിലുള്ളത്. കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയതോടെ പരിഹാരം ആവശ്യപ്പെട്ട് ഇവിടുത്തെ വാടകക്കാർ ദേവസ്വം ബോർഡ് ളാലം സബ് ഗ്രൂപ്പ് ഓഫീസിനെയും ഏറ്റുമാനൂർ എ.സി. ഓഫീസിനെയും സമീപിച്ചിരുന്നു. എന്നാൽ നടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് ഗത്യന്തരമില്ലാതെ വ്യാപാരികൾ ഓരോരുത്തരായി മുറികൾ ഒഴിഞ്ഞുപോവുകയായിരുന്നു.
നിലവിൽ മുകൾനിലയിലെ ചോർച്ച വർദ്ധിച്ച് വെള്ളം താഴത്തെ നിലയിലേക്കും ഒലിച്ചിറങ്ങുന്ന അവസ്ഥയാണ്. ഇതോടെ ശേഷിക്കുന്ന വാടകക്കാർ വീണ്ടും പരാതിയുമായി ദേവസ്വം ബോർഡ് പ്രസിഡന്റിനെ സമീപിച്ചു. തുടർന്ന് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി കെട്ടിടം ബലപ്പെടുത്താൻ കരാർ നൽകുകയും ചെയ്തു.
എന്നാൽ, ഒരു വർഷം മുൻപ് കരാറുകാരൻ മുകൾനിലയിലെ കോൺക്രീറ്റും ഭിത്തിയും ഇടിച്ചു നിരത്തിയതല്ലാതെ തുടർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയില്ല. മഴവെള്ളം ചോർന്നൊലിച്ച് ഓഫീസുകളിലെ ഫയലുകൾ നശിക്കുകയും വൈദ്യുതി ഉപകരണങ്ങൾ തകരാറിലാവുകയും ചെയ്യുന്ന അവസ്ഥയാണ്.
കെട്ടിടത്തോട് ചേർന്നുള്ള വ്യക്തിയുടെ സ്ഥലത്തെ മരം മുറിച്ചുമാറ്റാതെ നിർമ്മാണം തുടങ്ങുവാൻ സാധിക്കാത്തതാണ് തടസ്സമായത്. ആ പ്രശ്നം ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. ഉടൻ തന്നെ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിയ്ക്കും മെന്ന് അധിക്രതർ പറഞ്ഞു



