ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വിദ്യാർഥികൾക്കിടയിൽ പകർത്തി പാലാ സെന്റ് തോമസ് സ്കൂളിൽ സംഘടിപ്പിച്ച 'ഫാൻസ് ടീം ചാമ്പ്യൻസ് കപ്പ്' ശ്രദ്ധേയമായി. ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായാണ് വിവിധ രാജ്യങ്ങളുടെ ടീമുകളെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ കളത്തിലിറങ്ങിയത്. ഇഷ്ടതാരങ്ങളുടെ ജഴ്‌സികളും ഇഷ്ടടീമുകളുടെ പതാകകളുമായി അണിനിരന്ന വിദ്യാർഥികൾ കളിക്കളത്തെ ലോകകപ്പ് വേദിയാക്കി മാറ്റി.
ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും നെയ്മറിന്റെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ആരാധകർ മഞ്ഞയും ചുവപ്പും നിറഞ്ഞ ജഴ്‌സികളിൽ ആവേശം പകർന്നപ്പോൾ, അർജന്റീനയുടെ വെള്ള-നീല ജഴ്‌സികളണിഞ്ഞ മെസ്സി ആരാധകരും ശ്രദ്ധേയരായി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങൾ പാലാ സെന്റ് തോമസ് കോളേജിലെ കായികവിഭാഗം മേധാവി ആശിഷ് ജോസഫ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. റെജിമോൻ സ്‌കറിയ അനുഗ്രഹപ്രഭാഷണം നടത്തി. ഉദ്ഘാടനച്ചടങ്ങിൽ ഹെഡ്മാസ്റ്റർ ബിജോയി ജോസഫ് സ്വാഗതം പറഞ്ഞു. കായികാധ്യാപകൻ മനു ജയിംസിന്റെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും ചേർന്നാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഹൗസ് അടിസ്ഥാനത്തിൽ ഫ്രാൻസ്, സ്പെയിൻ, അർജന്റീന, ജർമ്മനി, ഇംഗ്ലണ്ട് എന്നീ ടീമുകളെ പ്രതിനിധീകരിച്ചായിരുന്നു മത്സരങ്ങൾ.
----------------------------------------------------------------------------------------------------------------------------



