പാലാ അൽഫോൻസാ കോളേജിൽ ഒന്നാം വർഷ ഓണേഴ്സ് ബിരുദ വിദ്യാർഥിനികൾക്കായുള്ള ഒരാഴ്ച നീണ്ടുനിൽക്കുന്ന ഓറിയന്റേഷൻ പരിപാടിയായ 'ദീക്ഷാരംഭ് 2026 – (Lighting the Torch of Wisdom' )ന് തുടക്കമായി.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന കോളേജ്തല ഉദ്ഘാടനച്ചടങ്ങ് പ്രമുഖ സാമൂഹ്യ പ്രവർത്തക ശ്രീമതി നിഷാ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസം അറിവ് സമ്പാദിക്കുന്നതിനുള്ള ഉപാധി മാത്രമല്ല, വ്യക്തിത്വ രൂപീകരണത്തിനും സാമൂഹിക ഉത്തരവാദിത്തം വളർത്തുന്നതിനുമുള്ള മാർഗമാണെന്ന് അധ്യക്ഷപ്രസംഗത്തിൽ പ്രിൻസിപ്പൽ പറഞ്ഞു.
ഉദ്ഘാടനപ്രഭാഷണത്തിൽ നിഷാ ജോസ് കെ. മാണി, പുതിയ തലമുറയിലെ വനിതകൾ ആത്മവിശ്വാസത്തോടെയും നിശ്ചയദാർഢ്യത്തോടെയും ജീവിതവിജയം കൈവരിക്കണമെന്ന് ആഹ്വാനം ചെയ്തു. അർബുദത്തെ അതിജീവിച്ച വ്യക്തി എന്ന നിലയിൽ സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവച്ച അവർ, സ്ത്രീകൾ ആരോഗ്യസംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും കൃത്യമായ ആരോഗ്യപരിശോധനകളിലൂടെ രോഗപ്രതിരോധത്തിനും ആരോഗ്യകരമായ ജീവിതശൈലിക്കും മുൻഗണന നൽകണമെന്നും വിദ്യാർഥിനികളെ ഓർമിപ്പിച്ചു. അവരുടെ പ്രഭാഷണം വിദ്യാർഥിനികൾക്ക് പ്രചോദനവും ആരോഗ്യബോധവൽക്കരണ സന്ദേശവുമായി.
തുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ നയിച്ച സംസ്ഥാനതല FYUGP 2026 പ്രവേശന പരിപാടിയുടെ തത്സമയ സംപ്രേഷണവും നടന്നു.
കോളേജ് വൈസ് പ്രിൻസിപ്പൽമാരായ ഡോ.സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള, മിസ്സ് മഞ്ജു ജോസ് ബർസാർ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ ഡോ. ഫാ.ജോബിൻ വടക്കേതകിടിയേൽ, അൽഫോൻസാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പ്യൂട്ടർ സയൻസിലെ മിസ് ജെസിമോൾ സിറിയക്ക് എന്നിവർ പ്രസംഗിച്ചു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ്പ്രൊഫസർ മിസ് ആഷ്ലി തോമസ് സ്വാഗതവും കുമാരി അൽജാമരിയ ജെയിംസ് കൃതജ്ഞതയും അർപ്പിച്ച് സംസാരിച്ചു. കോളേജ് സ്റ്റാഫംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർഥിനികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വിദ്യാർഥിനികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



