പാലാ: കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ 66-ാമത് വിഗ്രഹദർശന വാർഷിക ദിനാഘോഷം ജൂലൈ 14 ചൊവ്വാഴ്ച വിപുലമായ പരിപാടികളോടെ നടക്കും. അന്നേദിവസം പുലർച്ചെ 4.30-ന് പള്ളിഉണർത്തലോടെ പൂജാകർമ്മങ്ങൾക്ക് തുടക്കമാകും. തുടർന്ന് 6 മണി മുതൽ ധാരാനാമജപം നടക്കും. രാവിലെ 9.30-ന് സ്വാമി വീതസംഗാനന്ദ മഹാരാജ് ഭദ്രദീപം തെളിയിക്കുന്നതോടെ മഹാപ്രസാദമൂട്ടിന് തുടക്കമാകും. പ്രസാദ വിതരണത്തിന്റെ ഉദ്ഘാടനം പാലാ ഡി.വൈ.എസ്.പി. കെ. സദൻ നിർവ്വഹിക്കും.
വിശേഷാൽ പൂജകൾ, അഭിഷേകങ്ങൾ, ധാരാനാമജപം, മഹാപ്രസാദമൂട്ട് തുടങ്ങിയ ചടങ്ങുകൾക്ക് തന്ത്രി ബ്രഹ്മശ്രീ പരമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട്, മേൽശാന്തി പ്രേംകുമാർ എസ്. പോറ്റി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്കായി 501 പറ അരിയുടെ വിഭവങ്ങളാണ് മഹാപ്രസാദമൂട്ടിനായി തയ്യാറാക്കുന്നത്. കൂടപ്പുലം ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള 'ആദിത്യ കാറ്ററിംഗ്' ആണ് വിഭവങ്ങൾ ഒരുക്കുന്നത്. ഇതോടനുബന്ധിച്ച് 150 കിലോ ശർക്കരയുടെ പ്രസാദ വിതരണവും ഉണ്ടായിരിക്കും.
ഉച്ചയ്ക്ക് 2.30-ന് വിശേഷാൽ ദീപാരാധനയ്ക്ക് ശേഷം 2.45-ന് പഞ്ചാരിമേളം അരങ്ങേറ്റം കുറിക്കും. തുടർന്ന് ശിവാനന്ദലഹരി സ്തോത്രപാരായണം, കൈകൊട്ടിക്കളി, കുച്ചിപ്പുഡി, വീരനാട്യം എന്നിവയും രാത്രി 8 മണിക്ക് ഫ്യൂഷൻ തരംഗവും നടക്കും.
സാധാരണ ശിവക്ഷേത്രങ്ങളിൽ ശിവലിംഗ പ്രതിഷ്ഠയാണുള്ളതെങ്കിൽ, ഇവിടെ ദക്ഷിണാമൂർത്തി ഭാവത്തിൽ ശിവഭഗവാന്റെ ശാന്തസ്വരൂപമായ പ്രതിഷ്ഠയാണുള്ളത്. ഏഷ്യ ഭൂഖണ്ഡത്തിലെ ഏക ശിവക്ഷേത്രമെന്നുള്ളത് കടപ്പാട്ടൂർ ക്ഷേത്രത്തിന്റെ സവിശേഷതയാണ്. അഭീഷ്ട കാര്യസിദ്ധി, വിദ്യാവിജയം, വിവാഹ തടസ്സങ്ങൾ മാറൽ എന്നിവയ്ക്കായി വിവിധ ദ്രവ്യങ്ങൾ കൊണ്ടുള്ള ധാര, അഷ്ടാഭിഷേകം, ചന്ദനം ചാർത്ത്, ഉമാമഹേശ്വര പൂജ, സ്വയംവരാർച്ചന, വിദ്യാഗോപാല മന്ത്രാർച്ചന, ചതുശ്ശതനിവേദ്യം എന്നീ വഴിപാടുകൾ പ്രധാനമാണ്.
കർക്കടകവാവുബലി ഓഗസ്റ്റ് 12-ന്
ഈ വർഷത്തെ കർക്കടകവാവുബലി ഓഗസ്റ്റ് 12 ബുധനാഴ്ച നടക്കും. പുലർച്ചെ 5 മണി മുതൽ ക്ഷേത്രക്കടവിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. അന്നേദിവസം ക്ഷേത്രത്തിൽ തിലഹവനം, നമസ്കാരം, കൂട്ടുഗണപതിഹോമം, വിഷ്ണുപൂജ എന്നിവ നടത്തുന്നതിനുള്ള പ്രത്യേക സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഈ വർഷത്തെ വ്രതാചരണവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പറഞ്ഞു ദേവസ്വം പ്രസിഡന്റ് മനോജ് ബി. നായർ, സെക്രട്ടറി സതീഷ് കളപ്പുരയ്ക്കൽ, ഖജാൻജി ബാബു കെ.ആർ. സിജു സി എസ് കെ. ആർ രവി മധു കോട്ടൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
----------------------------------------------------------------------------------------------------------------



