കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും




കോട്ടയം നഗരത്തിലെയും സമീപ മേഖലകളിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് പദ്ധതി പദ്ധതികള്‍ ആവിഷ്കരിക്കാന്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിനായി അടിയന്തര പുനഃക്രമീകരണങ്ങള്‍ നടത്തുന്നതിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിനുമായി പ്രത്യേകം പദ്ധതികള്‍ ആവിഷ്കരിക്കും.

അദ്യ ഘട്ടമായി നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും നഗരത്തില്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കി ഗതാഗതം സുഗമമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതിനായി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ആര്‍.ടി.ഒ, പൊതുരാമത്ത് നിരത്തു വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍, കെ.എസ്.ഇ.ബിയുടെയും ദേശീയ പാത അതോറിറ്റിയുടെയും കോട്ടയം മുനിസിപ്പാലിറ്റിയുടെയും പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയെ ചുതമലപ്പെടുത്തി.



നഗരത്തിന്‍റെയും സമീപ മേഖലകളുടെയും വികസനം മുന്നില്‍ കണ്ടുകൊണ്ടുള്ള ഗതാഗത പരിഷ്കാരത്തിനുള്ള പദ്ധതിയാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തയ്യാറാക്കുക. ഇതിന് വിശദ പഠനം നടത്തി റിപ്പോര്‍ട്ടു നല്‍കുന്നതിന് നാറ്റ്പാക്കിനെ ചുമതലപ്പെടുത്തും. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഭാവി ഗതാഗത വികസനം നടപ്പാക്കുകയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 



അനധികൃത പാര്‍ക്കിംഗുകള്‍, കയ്യേറ്റങ്ങള്‍ മറ്റു നിയമ ലംഘനങ്ങള്‍, ബസ് സ്റ്റോപ്പുകളിലെ ക്രമീകരണങ്ങള്‍, ഓട്ടോ സ്റ്റാന്‍ഡുകളുടെ വിശദാംശങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് സമിതി പഠനം നടത്തും. 

ജൂണ്‍ 13നുള്ളില്‍ ഈ സമിതി സമര്‍പ്പിക്കുന്ന കരട് റിപ്പോര്‍ട്ടില്‍ വിശദമായ ചര്‍ച്ച നടത്തി തുടര്‍ നടപടികള്‍ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. 



ചിങ്ങവനം മുതല്‍ ഗാന്ധിനഗര്‍ വരെയുള്ള മേഖലകളില്‍ നേരിടുന്ന ഗതാഗത പ്രശ്നങ്ങളും പരിഹാര സാധ്യതകളും യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. പുതിയ ട്രാഫിക് ലൈറ്റുകളും ദിശാ ബോര്‍ഡുകളും സ്ഥാപിക്കുക, ബസ് ബേകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, സ്റ്റോപ്പുകളുടെ പുനഃക്രമീകരണം, ബസുകള്‍ സമയനിബന്ധന പാലിക്കാതെ നിര്‍ത്തിയിടുന്നത് ഒഴിവാക്കുക, വാഹന നീക്കത്തിന് തടസമായ വൈദ്യുതി ട്രാന്‍സ്ഫോര്‍മറുകള്‍ മാറ്റി സ്ഥാപിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. 

ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ്, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബാബു മാത്യു, ടി.സി, റോയ്, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0