ഓപ്പറേഷന്‍ തൂഫാന്‍ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോക്ക്



ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പാലാ പോലീസ് ആഗോള ലഹരിവിരുദ്ധ ദിനമായ ഇന്ന് പാലാ സെന്റ് തോമസ് എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച ഓപ്പറേഷന്‍ തൂഫാന്‍ സമ്മേളനത്തില്‍ നിന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തകരായ കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ സംസ്ഥാന സെക്രട്ടറിയും സംഘടനാ വക്താവുമായ പ്രസാദ് കുരുവിളയും മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കവിയിലും ഇറങ്ങിപ്പോയി.
 
തൂഫാന്‍ വാരിയേഴ്‌സായി പാലാ പൊലീസ് നിശ്ചയിച്ച് സമ്മേളനത്തിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ട ഇരുവരെയും 'സംഘാടകരുടെ കണ്ണില്‍പോലും പെടാതെ' അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് സമ്മേളനം ആരംഭിച്ചയുടനെ ബഹിഷ്‌കരിച്ച് സമ്മേളനം വിട്ടിറങ്ങിയത്. ലഹരി വിരുദ്ധ മേഖലയില്‍ രണ്ടര പതിറ്റാണ്ടിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷനോട് കാണിച്ച അവഗണനയ്‌ക്കെതിരെയാണ് ഭാരവാഹികളുടെ ഇറങ്ങിപ്പോക്ക്.




സര്‍ക്കാര്‍ ലഹരി വിരുദ്ധ സമ്മേളനം സംഘടിപ്പിക്കുമ്പോള്‍ സംസ്ഥാനത്തുടനീളം എവിടെയാണെങ്കിലും ലഹരിവിരുദ്ധ പ്രവര്‍ത്തന മേഖലയില്‍ മുന്‍പരിചയമുള്ളവരെ പരിഗണിക്കുന്നതാണ് കരണീയമായിട്ടുള്ളത്. വാരിയര്‍മാരാകാന്‍ എല്ലാവരും യോഗ്യരാകണമെന്നില്ല. യോഗ്യരായവര്‍ പുറത്തും യോഗ്യരല്ലാത്തവര്‍ മുന്‍നിരയിലും എത്തിയാല്‍ ആഭ്യന്തര വകുപ്പ് മന്ത്രി നിശ്ചയിച്ച പ്രവര്‍ത്തനം മുന്നോട്ട് നീങ്ങില്ല. കുറെ സംഘടനാ പ്രതിനിധികളെ അവരതിന് യോഗ്യതയുള്ളവരാണോയെന്ന് മനസ്സിലാക്കാതെ വാരിയേഴ്‌സായി നിശ്ചയിച്ച് അണിനിരത്തുന്നത് ഭൂഷണമല്ല.

കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ സ്വന്തനിലയില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകും.


ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള തൂഫാന്‍ ഓപ്പറേഷന്‍ പ്രോജക്ടിന് സമ്പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും എന്നാല്‍ പാലാ മേഖലയിലെ വാരിയേഴ്‌സ് ഉത്തരവാദിത്വം ഒഴിയുന്നതായും കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള അറിയിച്ചു. വിഷയം ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും പ്രസാദ് കുരുവിള പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവിയെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ച് കെ.സി.ബി.സിയുടെ ലഹരിവിരുദ്ധ ത്രൈമാസാചരണ സമ്മേളനവും സംഘടിപ്പിച്ചിരുന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0