സ്ഥിരം അപകടം മുനമ്പായി മാറിയ പാലാ തൊടുപുഴ റോഡിലെ പിഴക് പാലം ജംഗ്ഷനിൽ അപകടം ഒഴിവാക്കാനോ അപായ മുന്നറിയിപ്പ് നൽകാനോ സംവിധാനങ്ങൾ ഒരുക്കാതെ അധികൃതർ. എണ്ണിയാൽ ഒടുങ്ങാത്ത അപകടങ്ങൾ നടന്ന ഈ പ്രദേശത്ത് അടിയന്തരമായി മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് പലയാവർത്തി പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ല. പരാതികളെ തുടർന്ന് പ്രദേശത്ത് പരിശോധന നടത്തി അധികൃതർ മടങ്ങി നാല് മാസം പിന്നിട്ടിട്ടും ഒരു തുടർ നടപടിയും ഉണ്ടായില്ല.
റോഡിലെ അപകടാവസ്ഥ സംബന്ധിച്ച പരാതിയെ തുടർന്ന് ഈ വർഷം ആദ്യം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. പിഡബ്ല്യുഡിയുടെ (റോഡ്, പാലം, മെയിന്റനൻസ്,) എൻജിനീയർമാരും സ്ഥലം സന്ദർശിച്ചു. റോഡിലെ അലൈൻമെന്റിന്റെ പ്രശ്നമാണ് അപകടകാരണം എന്നായിരുന്നു കണ്ടെത്തൽ.
നേർരേഖയിൽ വരുന്ന റോഡിൽ പാലത്തിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും വളവുള്ളത് അപകടത്തിന് കാരണമാകുന്നുണ്ട്. അപകട സാധ്യത കുറയ്ക്കുന്നതിനായി മുന്നറിയിപ്പ് ബോർഡുകൾ, റിഫ്ലക്ടർ, ലൈറ്റുകൾ, കോൺവെക്സ് മിറർ എന്നിവ സ്ഥാപിക്കാൻ ജില്ലാ റോഡ് സേഫ്റ്റി കൗൺസിൽ മീറ്റിങ്ങിൽ കളക്ടർ നിർദ്ദേശിച്ചിരുന്നു. ഫെബ്രുവരി 25ന് നടന്ന മീറ്റിങ്ങിലെ നിർദ്ദേശം ജൂലൈ മാസം എത്തുമ്പോഴും നടപ്പായിട്ടില്ല.
റോഡിൻറെ അലൈൻമെന്റ് പ്രശ്നങ്ങൾക്കൊപ്പം മഴക്കാലത്ത് റോഡിൽ തന്നെയുള്ള അപകടങ്ങളും പതിവാണ്. അപകടങ്ങളും ജീവാപായവും ഉണ്ടായിട്ടും കൃത്യമായ നടപടികൾ വൈകുന്നതിൽ പ്രതിഷേധം ഉയരുന്നുണ്ട്. പൊതുപ്രവർത്തകനും പ്രദേശവാസിയുമായ റോജൻ ജോർജ് പരാതികളും തുടർന്വേഷണങ്ങളുമായി ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും നൽകുന്ന പരാതിയുടെ റെസിപ്റ്റ് ലഭിക്കുന്നത് മാത്രമാണ് ബാക്കിയെന്ന് ചൂണ്ടിക്കാട്ടുന്നു. ഇനിയും എത്രയേറെ അപകടങ്ങളും ജീവൻ നഷ്ടപ്പെടലും ഉണ്ടായാലാണ് അധികാരികൾ കണ്ണ് തുറക്കുക എന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



