ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ എൻസിസി നേവൽ വിഭാഗവും പാലാ നഗരസഭയും സംയുക്തമായി പരിസ്ഥിതി ദിനാഘോഷവും ഫലവൃക്ഷതൈ വിതരണവും ശൂചീകരണ പരിപാടികളും സംഘടിപ്പിച്ചു. പന്ത്രണ്ടാം മൈൽ കുമാരനാശാൻ ചിൽഡ്രൻസ് പാർക്കിൽ സംസംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷപരിപാടികൾ നഗരസഭാ അദ്ധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു.
പാലാ നഗരസഭ ഹെൽത്ത് വിഭാഗത്തിൻ്റെയും കൃഷിഭവൻ്റെയും സഹകരണത്തോടെ 12 ഫല വൃക്ഷ തൈകൾ നടുകയും വൃക്ഷ തൈകൾ എൻസിസി കേഡറ്റുകൾക്കും വിദ്യാർത്ഥികൾക്കും വിതരണം ചെയ്യുകയും ചെയ്തു. 

യുവജനങ്ങൾക്കിടയിൽ പരിസ്ഥിതി സംരക്ഷണ സംസ്കാരം വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് മിസ് ദിയ ബിനു അഭിപ്രായപ്പെട്ടു. മുഖ്യ പ്രഭാഷകനായ കോളേജ് വൈസ് പ്രിൻസിപ്പല്‍ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പില്‍ പ്രകൃതി സംരക്ഷണം നാം ഓരോരുത്തരുടെയും കടമയും വരും തലമുയോടുള്ള കരുതലുമാണെന്ന് ഓർമ്മിപ്പിച്ചു. പാലാ നഗരസഭ കൗൺസിലർ ശ്രീമതി പ്രിൻസി സണ്ണി ആശംസകളർപ്പിച്ച് സംസാരിച്ചു.
തുടർന്ന് ചിൽഡ്രൻസ് പാർക്കിനകത്തും പാർക്കിന് വെളിയിലും നടത്തിയ ശുചീകരണ പരിപാടികൾക്ക് എൻസിസി കേഡറ്റുകളും കോളേജിലെ മറ്റു വിദ്യാർത്ഥിളും പങ്കാളികളായി. പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പോസ്റ്റർ ഡിസൈനിംഗ് മത്സരവും സംഘടിപ്പിച്ചു. വിജയികളായ 12 വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും വൃക്ഷത്തൈകളും സമ്മാനമായി കേളേജ് ബർസാർ റവ. ഫാ. മാത്യൂ ആലപ്പാട്ടുമേടയിൽ വിതരണം ചെയ്തു.
എൻസിസി നേവൽ വിഭാഗം എ.എൻ.ഒ. സബ് ലഫ്റ്റനൻ്റ് ഡോ. അനീഷ് സിറിയക് പാലാ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത്ത് ആർ. ചന്ദ്രൻ, കേരള സോളിഡ് മാനേജ്മെൻറ് പ്രൊജക്റ്റ് എൻജിനീയർ ശ്രുതി എൻ. നായർ അധ്യാപകരായ ജയകൃഷ്ണൻ എം., ജയശങ്കർ ടി.വി., പെറ്റി ഓഫീസർ കേഡറ്റുമാരായ ജോൺ സജി, പി.എം. ബാസ്റ്റ്യൻ തുടങ്ങിയവർ പരിസ്ഥിതിദിന പരിപാടികൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


