പാലാ കെ.എം മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റലില്‍ എംപി ഫണ്ടില്‍ നിന്നും 2.45 കോടി അനുവദിച്ച് സ്ഥാപിക്കുന്ന കാന്‍സര്‍ ആശുപത്രിയുടെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ നിര്‍മ്മാണ പുരോഗതി ജോസ് കെ മാണി എംപി വിലയിരുത്തി. ആശുപത്രി സൂപ്രണ്ട് ഓങ്കോളജി വിഭാഗം മേധാവി ഉള്‍പ്പെടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു.
റേഡിയേഷന്‍ അടക്കമുള്ള ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിലെ തടസ്സം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിഷയത്തില്‍ ഇടപെട്ട് റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്ക് നിര്‍മ്മിക്കുവാന്‍ എം.പി ഫണ്ടില്‍ 2.45 കോടി രൂപ അനുവദിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലുകളില്‍ ക്യാന്‍സര്‍ റേഡിയേഷന്‍ സൗകര്യമുള്ള ആദ്യഹോസ്പിറ്റലായി പാലാ മാറും.
കൊബാള്‍ട്ട് ടെലിതെറാപ്പി യൂണിറ്റ്, റേഡിയേഷന്‍ തെറാപ്പി പ്ലാനിംഗ് റൂം, മൗള്‍ഡ് റൂം, ഔട്ട് പേഷ്യന്റ് കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയവ കൂടാതെ റേഡിയോ തെറാപ്പി സിമുലേറ്റര്‍, ബ്രാക്കി തെറാപ്പി യൂണിറ്റ്, ബ്രാക്കി തെറാപ്പി മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ കൂടി ഭാവിയില്‍ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് നിര്‍മ്മാണം നടത്തിയത്.
ഈ ക്യാന്‍സര്‍ ചികിത്സാകേന്ദ്രത്തെക്കുറിച്ച് നിലവില്‍ പ്രചരിക്കുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. ബങ്കറിന്റെ ഭിത്തികള്‍ക്ക് കനം കുറവാണെന്ന തരത്തിലുള്ള വാദങ്ങള്‍ ശാസ്ത്രീയവശങ്ങള്‍ മനസ്സിലാക്കാതെയാണെന്ന് എംപി പറഞ്ഞു.
ബില്‍റ്റ് ഇന്‍ ബീം സ്റ്റോപ്പര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പഴയകാല മെഷീനുകളില്‍ ശക്തമായ റേഡിയേഷന്‍ ബിം നേരിട്ട് കോണ്‍ക്രീറ്റ് ഭിത്തികളിലാണ് പതിച്ചിരുന്നത്. ഇവിടെ സാധാരണ കോണ്‍ക്രീറ്റിന് പകരം സുരക്ഷ ഉറപ്പാക്കുന്ന, ഉയര്‍ന്ന സാന്ദ്രതയേറിയ പ്രത്യേക ഹൈഡെന്‍സിറ്റി കോണ്‍ക്രീറ്റ് ആണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. പാലായില്‍ സ്ഥാപിക്കുന്നത് 6 എം.വി ലീനിയര്‍ ആക്‌സിലറേറ്റര്‍ ആണ്. ഇതില്‍ രോഗിയുടെ ശരീരത്തിലൂടെ കടന്ന് പോകുന്ന റേഡിയേഷനെ തൊട്ടപ്പുറത്തുതന്നെ വെച്ച് പൂര്‍ണ്ണമായും ആഗിരണം ചെയ്യാന്‍ ശേഷിയുള്ള, ടങ്സ്റ്റര്‍ നിര്‍മ്മിതമായ ഒരു ബീം സ്റ്റോപ്പര്‍ മെഷീനില്‍ തന്നെയുണ്ട്.
റേഡിയേഷന്‍ നേരിട്ട് ഭിത്തയില്‍ പതിക്കാത്തതിനാല്‍, ആ വശത്തെ ഭിത്തിയില്‍ ചിതറിത്തെറിക്കുന്ന നേരിയ റേഡിയേഷന്‍ മാത്രം തടഞ്ഞാല്‍ മതിയാവും. ഈ അത്യാധുനിക വിദ്യ ലഭ്യമായതിനാല്‍ ദേശീയ സുരക്ഷ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഭിത്തികളുടെ കനം കൃത്യമായി നിശ്ചയിച്ച് ഡിസൈന്‍ ചെയ്തിട്ടുള്ളതാണ്. ഇന്ത്യയിലെ റേഡിയേഷന്‍ സുരക്ഷ നിശ്ചയിക്കുന്ന അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡ്, കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ് ഈ ബങ്കറിന്റെ പ്ലാനിന് ഔദ്യോഗിക അനുമതി നല്‍കിയത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



