വീണയ്ക്ക് ഇഡി സമന്‍സ്



മാസപ്പടിക്കേസില്‍ പിണറായി വിജയന്റെ മകള്‍ ടി വീണയ്ക്ക് ഇഡി സമന്‍സ്. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്. എട്ട് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് അയച്ചു.
സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്ത, ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ശരണ്‍ എസ് കര്‍ത്ത, ചീഫ് ജനറല്‍ മാനേജര്‍ കെ എസ് സുശേഷ് കുമാര്‍, സിഎംആര്‍എല്‍ ജീവനക്കാര്‍ എന്നിവര്‍ക്കാണ് സമന്‍സ് അയച്ചിരിക്കുന്നത്. കര്‍ത്തയുടെ ഭാര്യ, മകന്‍ അടക്കമുള്ള കുടുംബങ്ങള്‍ക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. 

വിവിധ കമ്പനികളുടെ ഡയറക്ടര്‍മാര്‍ ആണ് ഇവര്‍. വീണയും കരമിണല്‍ കമ്പനിയും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകള്‍ ഇഡിയ്ക്ക് കൈമാറാന്‍ കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവ് വന്നത്. ഇതിന് പിന്നാലെയാണ് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്. എസ്എഫ്‌ഐഓ കസ്റ്റഡിയിലെടുത്ത 134 രേഖകള്‍ പത്ത് ദിവസത്തിനകം കൈമാറാനാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടത്. രേഖകള്‍ കൈമാറുന്നതിനെതിരായ സിഎംആര്‍എല്‍ എതിര്‍പ്പ് തള്ളിയാണ് കോടതി നടപടി.




ശശിധരന്‍ കര്‍ത്തയുടെ ഭാര്യയ്ക്കും മകന്‍ ശരണ്‍ എസ് കര്‍ത്തയ്ക്കും സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. വീണയ്ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഇ ഡി വ്യക്തമാക്കി. വീണയുടെ വിദേശ അക്കൗണ്ട് കേന്ദ്രീകരിച്ച് ഉള്‍പ്പടെ അന്വേഷണം നടത്താനാണ് തീരുമാനം. ബാങ്ക് രേഖകളും ആദായ നികുതി രേഖകളും ഉള്‍പ്പടെ വീണ ഹാജരാക്കുകയും സ്വത്ത് വിവരങ്ങള്‍ വ്യക്തമാക്കുകയും വേണം. സിഎംആര്‍എല്‍ ഇടപാട് സംബന്ധിച്ചുള്ള രേഖകളിലും വിശദീകരണം നല്‍കേണ്ടി വരും.

കേസില്‍ ഇ ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി അന്വേഷണം വേഗത്തിലാക്കിയിരിക്കുന്നത്. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്നും നിയമപരമായ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.



സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അപ്പീല്‍ നല്‍കുന്നതിനായി അന്വേഷണത്തിന് രണ്ടാഴ്ച സാവകാശം വേണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യവും കോടതി തള്ളിയിരുന്നു. സിവില്‍ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്ന് പറഞ്ഞ കോടതി ക്രിമിനല്‍ നടപടികള്‍ക്ക് വിലക്കുണ്ടെന്ന് വ്യക്തമാക്കി. സ്വത്ത് കണ്ടുകെട്ടലും അതിനുള്ള അന്വേഷണവുമാകാം. ഇതിന് കള്ളപ്പണ ഇടപാടിലേക്ക് നയിക്കുന്ന കുറ്റകൃത്യം ആവശ്യമില്ലെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0