കാലങ്ങളായി നാട്ടുകാരുടെയും വാഹന യാത്രികരുടെയും ക്ഷമ പരീക്ഷിക്കുകയാണ് തകർന്ന് കിടക്കുന്ന നരിമറ്റം ചൊവ്വൂർ റോഡ്. മൂന്നിലവ് - തലനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ പല ഭാഗങ്ങളിലും വലിയ കുഴികളാണ്. മഴക്കാലമായതോടെ കുഴികളിൽ വെള്ളവും ചെളിയും നിറഞ്ഞ് അതീവ ശോചനീയാവസ്ഥയിലാണ് റോഡ്.
ആകെ തകർന്ന് തരിപ്പണമായി കിടക്കുകയാണ് നരിമറ്റം ചൊവ്വൂർ റോഡ്. നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. തലനാട് - മൂന്നിലവ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കാലാകാലങ്ങളായി അധികൃതരുടെ അവഗണനയിലാണ് ഈ റോഡ്. നരിമറ്റം വരെ കേടുപാടുകളില്ല. തുടർന്ന് മൂന്ന് കിലോമീറ്ററോളം പൊളിഞ്ഞ് കുഴികൾ നിറഞ്ഞ അവസ്ഥയിലാണ്.
റോഡിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായെന്നും ഇനിയെങ്കിലും റോഡ് പുനർ നിർമ്മിക്കണമെന്നും ആവശ്യപ്പെടുകയാണ് പ്രദേശവാസികൾ..
നരിമറ്റം മുതൽ ചൊവ്വൂർ വരെയെത്തുന്ന റോഡിന്റെ ഭാഗങ്ങളിൽ ടാറി മുഴുവനായിത്തന്നെ ഇളകിക്കിടക്കുകയാണ്. കാൽനട യാത്രപോലും ദുഷ്കരമാണ്. പലയിടത്തും ഇതുപോലെ കുഴികളും.മഴക്കാലമായതോടെ ഇങ്ങനെ വെള്ളവും ചെളിയും നിറഞ്ഞു.
സ്വകാര്യ ബസുകൾ നിരവധി ട്രിപ്പ്പുകൾ നടത്തുന്നുണ്ട്. ഒരിടയ്ക്ക് റോഡിന്റെ ശോചനീയാവസ്ഥ കാരണം ബസ്സുകൾ നരിമറ്റത്ത് സർവീസ് അവസാനിപ്പിച്ചിരുന്നു.. റോഡ് പുനർ നിർമിക്കുമെന്ന പ്രതീക്ഷയിൽ വീണ്ടും സർവീസ് തുടങ്ങുകയായിരുന്നു .ഇതുവഴി വാഹനമോടിക്കുക എന്നത് ദുഷ്കരമാണെന്ന് മാത്രമല്ല വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇതുവഴി പോകാൻ ഓട്ടോ ഡ്രൈവർമാർക്ക് മടി ഉണ്ട്. മഴ കൂടുതൽ ശക്തമായാൽ റോഡിന്റെ അവസ്ഥ ഇനിയും പരിതാപകരമാകും. ഇനിയെങ്കിലും തടസവാദങ്ങൾ നിരത്താതെ ബന്ധപ്പെട്ട അധികാരികൾ റോഡ് സഞ്ചാരയോഗ്യമാക്കാൽ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ..
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



