സമ്പൂർണ എ പ്ലസ് താരങ്ങൾക്ക് ആദരം; മന്ത്രി മോൻസ് ജോസഫിന്റെ നിയമസഭാ രജതജൂബിലിയും ആഘോഷിച്ചു




കുറവിലങ്ങാട്: ഭാരത് മാതാ കോളേജിന്റെ കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെന്റ് മേരീസ് ബി.എച്ച്.എസ്., ജി.എച്ച്.എസ്., എച്ച്.എസ്.എസ്. വിദ്യാലയങ്ങളിലെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങും ജലസേചന-ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ നിയമസഭാ പ്രവർത്തനത്തിന്റെ രജതജൂബിലി ആഘോഷവും മർത്ത് മറിയം മുത്തിയമ്മ ഹാളിൽ നടന്നു.

ഭാരത് മാതാ കോളേജ് സ്ഥാപക ഡയറക്ടർ ജോസഫ് പുതിയിടത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സമ്പൂർണ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ഷീൽഡും 1,000 രൂപ വീതം ക്യാഷ് അവാർഡും വിതരണം ചെയ്തു.




പാലാ രൂപത പ്രോട്ടോസിഞ്ചെല്ലസ് വെരി. റവ. ഡോ. ജോസഫ് തടത്തിൽ, മർത്ത് മറിയം പള്ളി ആർച്ച് പ്രീസ്റ്റ് വെരി. റവ. ഡോ. തോമസ് മേനാച്ചേരി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാണി, ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി മത്തായി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

നിയമസഭാ പ്രവർത്തനത്തിന്റെ 25 വർഷം പൂർത്തിയാക്കിയ മന്ത്രി മോൻസ് ജോസഫിനെ പാലാ രൂപതയ്ക്കുവേണ്ടി ഡോ. ജോസഫ് തടത്തിലും, മർത്ത് മറിയം ഇടവകയ്ക്കുവേണ്ടി ഡോ. തോമസ് മേനാച്ചേരിയും, ഭാരത് മാതാ കോളേജിനുവേണ്ടി പ്രിൻസിപ്പൽ ഡോ. എം.എൻ. വിജയനും പൊന്നാട അണിയിച്ച് ആദരിച്ചു. സെന്റ് മേരീസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാനാധ്യാപകരും മന്ത്രിയെ ആദരിച്ചു.


ഭാരത് മാതാ ഹെൽത്ത് ഇൻസ്പെക്ടർ കോളേജ്, ഭാരത് മാതാ വൊക്കേഷണൽ ട്രെയിനിങ് സെന്റർ എന്നിവിടങ്ങളിലെ വിദ്യാർഥികളും എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർഥികളും മന്ത്രിക്ക് ആദരവ് സമർപ്പിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി അടപ്രഥമൻ പായസ വിതരണവും സ്നേഹവിരുന്നും സംഘടിപ്പിച്ചു. ജോണി മാത്യു അറുതൊട്ടിയിൽ സ്വാഗതവും ജാൻസി ജോർജ് തേനശേരിൽ നന്ദിയും രേഖപ്പെടുത്തി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0