ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തിൽ പാലാ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയില-ലഹരി രഹിതമായി പ്രഖ്യാപിക്കാൻ പ്രഥമാധ്യാപകരുടെ യോഗം തീരുമാനിച്ചു. ആരോഗ്യവകുപ്പ് തയാറാക്കിയ ഒൻപതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജൂലൈ 31 ന് മുൻപ് പ്രഖ്യാപിക്കും.
പുകയില നിയന്ത്രണ നിയമം അനുശാസിക്കുന്ന ബോർഡുകൾ സ്ഥാപിക്കുക, പുകയില-ലഹരി പരിശോധനാ സമിതികൾ രൂപീകരിക്കുക, പുകയില-ലഹരി രഹിത വിദ്യാലയ നയം പ്രഖ്യാപിക്കുക, പുകയില രഹിത പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, വിദ്യാലയങ്ങളുടെ നൂറു മീറ്റർ ചുറ്റളവിൽ പുകയില വിൽപന ഇല്ല എന്ന് ഉറപ്പു വരുത്തുക എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കൂടിയ ജില്ലാ പുകയില നിയന്ത്രണ സമിതിയുടെ തീരുമാനപ്രകാരം ആണ് ആരോഗ്യവകുപ്പ് പ്രഥമാധ്യാപകരുടെ യോഗം സംഘടിപ്പിച്ചത്. മറ്റു വിദ്യാഭ്യാസ ഉപജില്ലകളിലും സമാന യോഗങ്ങൾ സംഘടിപ്പിക്കുമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു.
ഡി.ഇ.ഒ. സത്യപാലൻ, ഡപ്യൂട്ടി ഡി.എം.ഒ. ഡോ. സി.ജെ. സിത്താര, ഉള്ളനാട് ഹെൽത്ത് സുപ്രണ്ട് മനോജ്, കേരള വോളന്ററി ഹെൽത്ത് സർവിസ് എക്സിക്യൂട്ടീവ് ഡയറക്ടർ സാജു ഇട്ടി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



