ഈരാറ്റുപേട്ടയില്‍ നടന്നുവന്ന കര്‍ഷകസ്വരാജ് നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു.




വന്യജീവികള്‍ക്കു മാത്രമല്ല മനുഷ്യര്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തികഴിഞ്ഞ ആഗസ്റ്റ് 15 മുതല്‍  വെള്ളരിക്കുണ്ടിലും ജനു 26 മുതല്‍ ഈരാറ്റുപേട്ടയിലും നടന്നു വരുന്ന കര്‍ഷകസ്വരാജ് സത്യാഗ്രഹത്തിന്റെ ഭാഗമായുള്ള നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. 12 ദിവസമായി നിരാഹാരം നടത്തി വന്ന സണ്ണി പൈകടയ്ക്ക് മുതര്‍ന്ന കര്‍ഷകനായ ഔസേപ്പച്ചന്‍ മടുക്കാങ്കല്‍ നാരങ്ങാനീര് നല്കിയാണ് സമരം അവസാനിപ്പിച്ചത്. സത്യാഗ്രഹമുന്നയിച്ച ആവശ്യങ്ങള്‍ക്ക് നേരെ സംസ്ഥാന സര്‍ക്കാര്‍ പുറം തിരിഞ്ഞു നില്‍ക്കുകയാണ് ചെയ്തതെന്ന് സമരസമതി ആരോപിച്ചു. കേരളത്തിലെ ജനങ്ങളുടെ ഗണ്യമായ ഒരു പങ്കിനെ ബാധിക്കുന്ന ഒരു പ്രശ്‌നത്തെ മുന്‍നിര്‍ത്തി അനിശ്ചിതകാല സമരം നടത്തുന്നവരുമായി ചര്‍ച്ച നടത്താനുള്ള ജനാധിപത്യമര്യാദ പോലും സര്‍ക്കാര്‍ ഭാഗത്തു നിന്ന് ഉണ്ടാകാതെ വന്ന സന്ദര്‍ഭത്തില്‍,  സമരത്തോട് ഉത്തരവാദിത്വപൂര്‍വ്വം സംവദിക്കാന്‍ പ്രതിപക്ഷം തയ്യാറായിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. അതിന്റെ ഫലമായാണ് ഐക്യ ജനാധിപത്യ മുന്നണി ചെയര്‍മാനും പ്രതിപക്ഷനേതാവുമായ ശ്രീ. വി. ഡി. സതീശന്‍ ആസന്നമായനിയമസഭാതിരഞ്ഞെടുപ്പില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ സമര മുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ മുന്തിയ പരിഗണനയോടെ പരിഹരിക്കുമെന്ന വാഗ്ദാനം രേഖാമൂലം നല്‍കി കൊണ്ട് അനിശ്ചിതകാല നിരാഹാരമവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചത്. 



മറ്റൊരു പ്രതിപക്ഷ മുന്നണിയുടെ നേതാവായ ബി.ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍  ഷോണ്‍ ജോര്‍ജ്ജ് സമരപന്തലില്‍ നേരിട്ടെത്തി കര്‍ഷകസ്വരാജ് സത്യാഗ്രഹ സമിതി മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങളില്‍ മിക്കതും തങ്ങളുടെ പ്രകടനപത്രികയിലുള്‍പ്പെടുത്തുമെന്നും വന്യമൃഗശല്യത്തിന് പരിഹാരം കാണാനുള്ള വ്യക്തമായ പദ്ധതികള്‍ മുന്നോട്ടു വയ്ക്കുമെന്നും ആവശ്യമായി വന്നാല്‍ 1972-ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതികള്‍ക്കായി ശ്രമിക്കുമെന്നും വാക്കാല്‍ ഉറപ്പുനല്‍കുകയുമുണ്ടായി. എല്‍.ഡി.എഫ് മുന്നണിയെ നയിക്കുന്ന സി.പി.എം ധാര്‍ഷ്ഠ്യപൂര്‍വ്വം സമരത്തോട് മുഖം തിരിഞ്ഞു നിന്നപ്പോഴും ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്സ് (എം) നേതാക്കള്‍ സമരസ്ഥലത്തെത്തി പിന്തുണ വാഗ്ദാനം ചെയ്യുകയുമുണ്ടായി. ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് വെള്ളരിക്കുണ്ടിലെയും ഈരാറ്റുപേട്ടയിലെയും സത്യാഗ്രഹ സമിതികള്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്ന് ഈ ഘട്ടത്തിലെ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. 




ആറുമാസത്തിലധികമായി നീണ്ടു നിന്ന കര്‍ഷകസ്വരാജ് സത്യാഗ്രഹം കേരളത്തിലെ കര്‍ഷകര്‍ക്ക് നീണ്ടുനില്‍ക്കുന്ന സമരം ചെയ്യാനാവില്ലെന്ന മുന്‍വിധിയെ മറികടന്നുകൊണ്ടാണ് ഒരേ സമയം രണ്ടു സ്ഥലങ്ങളില്‍ സത്യാഗ്രഹങ്ങള്‍ സംഘടിപ്പിച്ചത്. ഇത് വലിയ തോതില്‍ മലയോര കര്‍ഷകരുടെ ഇടയില്‍ നിലനില്‍പ്പിനായി പോരാടാനുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മാത്രവുമല്ല, മലയോര കര്‍ഷകര്‍ കേരളത്തിലെ വനഭൂമികയ്യേറിയവരും വന്യജീവികളെ കൊന്നൊടുക്കിയവരുമാണെന്ന ആഖ്യാനത്തെ സി. എ. ജി റിപ്പോര്‍ട്ടു പോലുള്ള ആധികാരിക രേഖകളുടെ അടിസ്ഥാനത്തില്‍ ഖണ്ഡിക്കാനും സമരത്തിന്റെ ഭാഗമായുള്ള പ്രചരണങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കര്‍ഷകസ്വരാജ് സത്യാഗ്രഹത്തിന്റെ ഭാഗമായി ഡിസംബര്‍ 20 ന് പൂനയില്‍ , വന്യജീവി ശല്യമുള്ള വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷക- ആദിവാസി സംഘടനാനേതാക്കളുടെ യോഗം ചേര്‍ന്ന് 1972-ലെവന്യജീവി സംരക്ഷണനിയമ ഭേദഗതിക്കായി പോരാടാന്‍ ഒരു ദേശീയ ഫോറത്തിനും രൂപം നല്‍കിയിട്ടുണ്ട്. ഫോറം നേതാക്കള്‍ കര്‍ഷകസ്വരാജ് സത്യാഗ്രഹ പരിപാടികളില്‍ സംബന്ധിക്കുകയും സമരത്തെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു.ഈ സമരം വഴി, വര്‍ദ്ധിച്ചു വരുന്ന വന്യജീവി ആക്രമണത്തിന്റെ സാമ്പത്തിക പാരിസ്ഥിതിക മാനങ്ങള്‍  രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും ഇനി ഇക്കാര്യം അവഗണിക്കാനാവില്ലെന്ന് ബോധ്യപ്പെടുത്താനും കഴിഞ്ഞു. 




ഗാന്ധിയന്‍ സമര രീതികളാണ് സാധാരണ ജനങ്ങളുടെ അതിജീവന പോരാട്ടങ്ങള്‍ക്ക് ഇനിയുള്ള കാലം ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗമെന്ന് കര്‍ഷകസ്വരാജ് സത്യാഗ്രഹം വഴി വീണ്ടും തെളിയിക്കപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. വന്യജീവികള്‍ക്കു മാത്രമല്ല മനുഷ്യര്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള ഈ പോരാട്ടത്തിന്റെ ഒന്നാം ഘട്ടം മാത്രമാണിവിടെ അവസാനിപ്പിക്കുന്നത്. കൂടുതല്‍ തയ്യാറെടുപ്പോടെ അടുത്ത ഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അഡ്വ.ജോണ്‍ ജോസഫ് ചെയര്‍മാനും സണ്ണി പൈകട കണ്‍വീനറുമായുള്ള പതിനേഴംഗ അഡ്‌ഹോക്ക് കമ്മിറ്റിക്കും രൂപം കൊടുത്തിട്ടുണ്ട്. താമസംവിനാ കമ്മിറ്റി യോഗം ചേര്‍ന്ന് അടുത്ത ഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും.

ഈ വിഷയത്തിന് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരമുണ്ടാക്കുന്നതില്‍ കേരളീയ പൊതു സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത് എന്ന കാര്യവും ആദ്യഘട്ട സമരം പിന്‍വലിക്കുന്നതോടൊപ്പം വ്യക്തമാക്കുന്നതായി സമരസമിതി പറഞ്ഞു. 




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0