പാലാ നഗരസഭയില്‍ പ്രതിപക്ഷത്തെ കേള്‍ക്കാതെ ഭരണപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.



പാലാ നഗരസഭയില്‍ വിളിച്ചുകൂട്ടിയ അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. വാര്‍ഷിക പദ്ധതി കരട് നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതിനും തൂക്കുപാലം വിഷയം  ചര്‍ച്ചയ്ക്കുമായാണ് യോഗം ചേര്‍ന്നത്. തൂക്കുപാലം നിര്‍മാണ പദ്ധതി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ബിജു പാലൂപടവന്‍ സംസാരിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ ചെയര്‍പേഴ്‌സണ്‍ ഇടപെടുകയും പാലായുടെ വികസനത്തിനാണ് ഈ പദ്ദതിയെന്നും നിയമപരമായേ നടപ്പാക്കൂ എന്നും എംപി എംഎല്‍എ ഫണ്ടുകള്‍ കണ്ടെത്തിയാവും ചെയ്യുകയെന്നും പറഞ്ഞതിനൊപ്പം ഈ പ്രോജക്ട് പാസാക്കിയിരിക്കുന്നു എന്ന് വ്യക്തമാക്കി ദിയ ബിനു, ചെയര്‍ വിട്ട് എഴുന്നേല്‍ക്കുകയായിരുന്നു. 


ഇതോടൊപ്പം യുഡിഎഫ് കൗണ്‍സിലര്‍മാരെല്ലാവരും പുറത്തുപോവുകയായിരുന്നു. അങ്ങനെയെങ്കില്‍ ചര്‍ച്ചയുടെ ആവശ്യമില്ലല്ലോ എന്ന പാലൂപടവന്റെ ചോദ്യത്തിന് ഇനി ഇങ്ങനെയാണ് നടക്കാന്‍ പോകുന്നതെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു. അടിയന്തര കൗണ്‍സിലെന്ന് വിളിച്ചുകൂട്ടിയിട്ട് പ്രതിപക്ഷത്തെ അവഹേളിക്കുകയാണെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഭൂരിപക്ഷത്തെ അംഗീകരിക്കുമ്പോഴും ജനാധിപത്യവിരുദ്ധമായ നടപടിയാണ് ഇതെന്ന് ബിജു പാലൂപടവന്‍ പറഞ്ഞു. 

അതേസമയം, കഴിഞ്ഞ 5 വര്‍ഷവും വെറുതെ കിടന്ന പദ്ധതി ഏതെങ്കിലും രൂപത്തില്‍ നടപ്പാക്കുമ്പോള്‍ തടയിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് ഭരണപക്ഷത്തിന്റെ വാദം. നഗരസഭാ ചെയര്‍പേഴ്‌സണെ വ്യക്തിപരമായി ആക്രമിച്ച നടപടിയെയും വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ കുറ്റപ്പെടുത്തി.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0