അരുവിത്തുറ സെൻ്റ് ജോർജ് കോളജിൽ റൂസ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ സയൻസ് ബ്ലോക്കിൻ്റെ ഉത്ഘാടനം കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉച്ചയ്ക്ക് ഒരു മണിക്ക് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നിർവഹിച്ചു. അധുനിക വിദ്യാഭ്യാസ സങ്കേതങ്ങൾ വിദ്യാർത്ഥികളെ തൊഴിൽ അന്വേഷകരിൽ നിന്നും തൊഴിൽ സംരംഭകരായി മാറണമെന്നും അതിനു കലാലയങ്ങൾ വിദ്യാർഥികളെ പ്രാപ്തരാക്കണമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. അധ്യാപന രീതിയിലും കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടാവണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് കാലത്ത് അരുവിത്തുറ സെന്റ് ജോർജ്ജസ്സ് കോളേജ് സംസ്ഥാനത്തിനു തന്നെ മാതൃകയായ പ്രവർത്തനങ്ങളാണ് കാഴ്ച്ച വച്ചതെന്നും അവർ പറഞ്ഞു. കോളേജ് മാനേജർ വെരി റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യാതിഥിയായിരുന്നു. അരുവിത്തുറ കോളേജ് ഈ നാടിൻ്റെ അഭിമാനം വാനോളം ഉയർത്തിയെന്നും മറ്റു കലാലയങ്ങൾക്ക് മാതൃകയാക്കാവുന്ന തരത്തിലുള്ള പ്രവർത്തനവും വികസനവുമാണ് ഇപ്പൊൾ നടന്നുകൊണ്ടിരിക്കുന്നത് എന്ന് എം.എൽ.എ. അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ, റൂസ കോർഡിനേറ്റർ ഡോ. സിബി ജോസഫ്, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. ജിലു ആനി ജോൺ, കോളേജ് യൂണിയൻ ചെയർപേഴ്സൺ അഖിൽ പ്രസാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
റൂസ 2.0 പദ്ധതിയുടെ ഭാഗമായി ലഭിച്ച ഒരു കോടി രൂപകൊണ്ട് നിർമ്മിച്ച സയൻസ് ബ്ലോക്കിൽ ക്ലാസ്സ് മുറികളും സയൻസ് ലാബുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല.
