ജനുവരി 23, 30 തീയതികളിൽ അനുവദനീയമായ ഇളവുകൾ


ജനുവരി 23,30 തീയതികളിൽ ആരാധനാലയത്തിന്റെ അങ്കണത്തിനു പുറത്തേക്ക് ഘോഷയാത്ര, എഴുന്നെള്ളിപ്പ് എന്നിവ നടത്തുന്നത് നിരോധിച്ച് ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ഞായറാഴ്ചകളിൽ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ഉത്സവങ്ങൾ, പെരുന്നാളുകൾ തുടങ്ങി മതപരമായ ചടങ്ങുകൾ ആരാധനാലയത്തിനുള്ളിൽ തന്നെ നടത്തണം. പരമാവധി 50 പേർക്ക് പങ്കെടുക്കാം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 23, 30 തീയതികളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

അടിയന്തിര - അവശ്യസേവനങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിട്ടുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷൻ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. സ്ഥാപനങ്ങളിലെ ജീവനക്കാർ ഓഫീസ് തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം.

അടിയന്തര - അവശ്യ സേവനങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ, കമ്പനികൾ, സംഘടനകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. സ്ഥാപനങ്ങളിലെ ജീവനക്കാർ ഓഫീസ് തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം.

 ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കളുടെ വാഹനങ്ങൾക്കും ജീവനക്കാർക്കും ജോലി നിർവഹണത്തിന് യാത്രാനുമതി. അത്യാവശ്യ ജീവനക്കാർ മാത്രമേ ഓഫീസിൽ എത്തേണ്ടതുള്ളൂ.

 ചികിത്സാവശ്യത്തിന് പോകുന്ന രോഗികൾ, വാക്‌സിനേഷൻ എടുക്കാൻ പോകുന്നവർ എന്നിവർക്ക് ആശുപത്രി രേഖ, വാക്‌സിനേഷൻ രേഖ എന്നിവ ഉപയോഗിച്ച് യാത്ര അനുവദിക്കും.



ദീർഘദൂര ബസ് സർവീസ്, ട്രെയിൻ, വിമാന യാത്രകൾ അനുവദിക്കും. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേയ്ക്ക് യാത്രക്കാരെ കൊണ്ടു പോകുന്നതിന് പൊതുഗതാഗത വാഹനങ്ങൾ, ടാക്‌സികൾ, ഗുഡ്‌സ് കാര്യേജ് എന്നിവയ്ക്ക് അനുമതി. യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതും യാത്രാ രേഖകൾ/ടിക്കറ്റ് കൈയിൽ കരുതേണ്ടതുമാണ്.
ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കാം. സ്ഥാപനങ്ങൾ ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണം.
ഹോട്ടലുകൾക്കും ബേക്കറികൾക്കും ഹോം ഡെലിവറി, പാഴ്‌സൽ എന്നിവയ്ക്കായി രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കാം.
ബാറുകൾക്കും കള്ളുഷാപ്പുകൾക്കും പാഴ്‌സൽ സർവീസിനായി രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കാം.
വിവാഹം, മരണാന്തര ചടങ്ങുകൾ എന്നിവയ്ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 20 പേരായി നിജപ്പെടുത്തി. പരിപാടികളിൽ കോവിഡ് പ്രോട്ടോക്കോൾ പൂർണമായി പാലിക്കണം.
ഇ-കൊമേഴ്‌സ്, കൊറിയർ സേവനങ്ങൾ രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ അനുവദിക്കും.
ടൂറിസം കേന്ദ്രങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് രേഖകൾ സഹിതം സ്വന്തം വാഹനം/ടാക്‌സിയിൽ യാത്ര ചെയ്യാനും ഹോട്ടൽ/റിസോട്ടിൽ താമസിക്കാനും അനുമതി.


സിഎൻജി/എൽഎൻജി/എൽപിജി ട്രാൻസ്‌പോർട്ടേഷൻ അനുവദനീയം.
മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും പരീക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടവർക്കും അഡ്മിറ്റ് കാർഡ്, ഐ.ഡി. കാർഡ്/ഹാൾ ടിക്കറ്റ് ഉപയോഗിച്ച് യാത്ര അനുവദിക്കും.
ആശുപത്രികൾ, ഡിസ്‌പെൻസറികൾ, മെഡിക്കൽ ഷോപ്പുകൾ, മെഡിക്കൽ സാമഗ്രികൾ വിൽക്കുന്ന കടകൾ, നഴ്‌സിംഗ് ഹോംസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് യാത്രചെയ്യാം.
ടോൾ ബൂത്ത്, അച്ചടി-ദൃശ്യ-ഇലക്ട്രോണിക് മാധ്യമങ്ങൾ, സോഷ്യൽ മീഡിയ ഹൗസസ് എന്നിവയുടെ പ്രവർത്തനം അനുവദിക്കും.
സാനിറ്റേഷൻ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ജോലി സ്ഥലത്തേയ്ക്കും തിരിച്ചും യാത്ര അനുവദിക്കും.
അത്യാവശ്യ സന്ദർഭങ്ങളിൽ വാഹന അറ്റകുറ്റപ്പണിക്കായി വർക്ക്‌ഷോപ്പുകൾക്ക് പ്രവർത്തിക്കാം.

google.com, pub-6975695749884510, DIRECT, f08c47fec0942fa0