സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീണു



സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീണു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജനറൽ ബിപിൻ റാവത്തിന കൂടാതെ അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. 



അപകടത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റ രണ്ട് പേരെ നാട്ടുകാ‍ർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് നിന്നും നാല് മൃതദേങ്ങൾ ഇതുവരെ കണ്ടെടുത്തതായി വാ‍ർത്താ ഏജൻസി അറിയിച്ചു. വ്യോമസേനയും എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത് എന്നാണ് ലഭ്യമായ വിവരം. സുലൂർ വ്യോമകേന്ദ്രത്തിൽ നിന്നും ഊട്ടിയിലേക്കാണ് ഹെലികോപ്ട‍ർ പോയത് എന്നാണ് സൂചന.  

. ബിപിൻ റാവത്തിൻ്റേയോ അദ്ദേഹത്തിൻ്റെ ഭാര്യയുടേയോ നിലവിലെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ സൈന്യം തന്നിട്ടില്ല. ബിപിൻ റാവത്തിനെ ആശുപത്രിയിലേക്ക് മാറ്റി എന്ന് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെങ്കിലും ഇക്കാര്യത്തിൽ ദില്ലിയിൽ  നിന്നും ഔദ്യോഗിക പ്രതികരമുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. 





അതേസമയം അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ദില്ലിയിൽ സർക്കാർ തലത്തിൽ തിരക്കിട്ട കൂടിയാലോചനകൾ ആരംഭിച്ചതായി വാർത്തകൾ വരുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിൻ്റെ വിശദാംശങ്ങൾ ധരിപ്പിച്ചു. കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം അൽപസമയത്തിനകം ദില്ലിയിൽ ചേരും എന്ന വിവരവും പുറത്തു വരുന്നുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വിവിഐപി എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് സംയുക്തസൈനിക മേധാവിയായ ബിപിൻ റാവത്ത്. മുൻകരസേനാ മേധാവിയായിരുന്ന അദ്ദേഹത്തെ വിരമിക്കുന്നതിന് തൊട്ടുമുൻപാണ് കേന്ദ്രസർക്കാർ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്. 




സുളൂർ വ്യോമസേന കേന്ദ്രത്തിൽൽ നിന്നും വെല്ലിംഗ്ടണ് ഡിഫൻസ് കോളേജിലേക്ക് ആയിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്ര എന്നാണ് ലഭ്യമായ വിവരം. ഡിഫൻസ് കോളേജിൽ ഇന്ന് ഉച്ചയ്ക്ക് 2.45-ന് അദ്ദേഹത്തിൻ്റെ പ്രഭാഷണമുണ്ടായിരുന്നു. ഹെലികോപ്ടറിൽ സംയുക്ത സൈനികമേധാവിയുടെ ഭാര്യയെ കൂടാതെ വേറെയും ചില കുടുംബാംങ്ങളുണ്ടായിരുന്നുവെന്ന വാർത്തകളും ഇപ്പോൾ പുറത്തു വരുന്നുണ്ട് എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയൊരു സ്ഥിരീകരണമുണ്ടായിട്ടില്ല. അപകടസ്ഥലത്തേക്ക് സുളൂർ വ്യോമകേന്ദ്രത്തിൽ നിന്നും കൂടുതൽ ഹെലികോപ്ടറുകൾ എത്തിയിട്ടുണ്ട്.



 അപകടസ്ഥലത്ത് നിന്നും ജീവനോടെ രക്ഷപ്പെടുത്തിയ രണ്ട് പേർക്ക് 80 ശതമാനത്തിലേറെ പൊള്ളലേറ്റ സാഹചര്യത്തിൽ ഹെലികോപ്ടറിലുണ്ടായിരുന്നവരുടെ ആരോഗ്യനിലയിൽ അതീവ ആശങ്ക തുടരുകയാണ്. അപകടത്തെക്കുറിച്ച് വിശദ വിവരങ്ങൾ നൽകാൻ വ്യോമസേനയോടും കരസേനയോടും പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് തന്നെ അപകടസ്ഥലത്തേക്ക് എത്തും എന്നും സൂചനയുണ്ട്. കോയമ്പത്തൂരിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം ഇതിനോടകം ഊട്ടിയിലേക്ക് തിരിച്ചിട്ടുണ്ട്. 

google.com, pub-6975695749884510, DIRECT, f08c47fec0942fa0