സുരേഷ് ഗോപി എംപി പാലായിലെത്തി ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു. രാവിലെ 9 മണിയോടെയാണ് അദ്ദേഹം ബിഷപ് ഹൗസിലെത്തിയത്. അരമണിക്കൂറോളം ബിഷപ്പുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഒരു മതത്തിനെയും ബിഷപ് കുറ്റപ്പെടുത്തി പറഞ്ഞിട്ടില്ലെന്ന് പുറത്തിറങ്ങിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചിലരുടെ പ്രവര്‍ത്തികളെയാണ് കുറ്റപ്പെടുത്തിത്. എന്നാല്‍ ബിഷപ്പുമായി ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കേണ്ട കാര്യങ്ങളല്ല. രാഷ്ട്രീയക്കാരനായല്ല, എംപിയായിട്ടാണ് സന്ദര്‍ശനത്തിന് എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
.പോലീസുകാരനെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച സംഭവം വിവാദമാക്കിയത് മാധ്യമങ്ങളാണ്. പോലീസുകാരന് പരാതിയില്ല. അസോസിയേഷന്‍ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കരുത്. രാജ്യത്തെ സംവിധാനം പ്രകാരമാണ് പോലീസ് പ്രവര്‍ത്തിക്കേണ്ടത്.
നാട്ടുനടപ്പ് എന്നത് രാജ്യത്തെ നിയമപ്രകാരം അധിഷ്ഠിതമാണ്. സല്യൂട്ട് എന്ന പരിപാടി തന്നെ അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ സല്യൂട്ട് നല്കുന്നുണ്ടെങ്കില്‍ രാഷ്ട്രീയ വേര്‍തിരിവ് ഉണ്ടാകരുതെന്നും എംപി കൂട്ടിച്ചേര്‍ത്തു.

