ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി വ്യാഴാഴ്ച ചേർന്ന യോഗത്തിലേക്ക് ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റിനെയും വാർഡ് മെമ്പറെയും ക്ഷണിച്ചില്ലെന്ന് ആക്ഷേപം. എംഎൽഎയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലേക്ക് ആണ് പള്ളിയിൽ നിന്നും 100 മീറ്റർ പോലും അകലമില്ലാത്ത പഞ്ചായത്ത് ഭരണസമിതിയെ വിവരമറിയിച്ചില്ലെന്ന് ആക്ഷേപം ഉയരുന്നത്. എന്നാൽ യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി പങ്കെടുത്തു.



അറിയിച്ചില്ലെന്ന വാദം തെറ്റാണെന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. ഭരണങ്ങാനത്തും രാമപുരത്തും കടപ്പാട്ടൂരിലും വിശേഷ അവസരങ്ങളിലെ ക്രമീകരണങ്ങൾ ചർച്ചചെയ്യുന്നത് എംഎൽഎയുടെ അധ്യക്ഷതയിലാണ്. പഞ്ചായത്തിൽ അറിയിക്കാൻ പള്ളിയെ ചുമതലപ്പെടുത്തിയിരുന്നതായി എംഎൽഎ പറയുന്നു. അറിയിച്ചതുകൊണ്ടാണ് സെക്രട്ടറി എത്തിയത്. പ്രസിഡൻ്റ് യോഗത്തിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് യോഗത്തിൽ തന്നെ ചോദിച്ചിരുന്നു. റോഡരികിൽ സ്ഥാപിക്കുന്ന താൽക്കാലിക കടകളുടെ ഉത്തരവാദിത്വം പ്രസിഡന്റിനാണ്. അറിയിച്ചിട്ടും വന്നില്ല എന്നാണ് മനസ്സിലാകുന്നത് എന്നും എംഎൽഎ പറഞ്ഞു. 


.അതേസമയം യോഗത്തിന്റെ കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് പ്രസിഡൻ്റ് സുധാ ഷാജി പറഞ്ഞു. വൈകിട്ട് നടന്ന അടിയന്തരയോഗത്തിൽ പങ്കെടുക്കുമ്പോഴാണ് സെക്രട്ടറി അവലോകന യോഗത്തിൽ പങ്കെടുത്ത കാര്യം അറിയിച്ചത്. അപ്പോഴാണ് കാര്യം അറിഞ്ഞതെന്നും പ്രസിഡൻ്റ് പറഞ്ഞു. ഉദ്യോഗസ്ഥയോഗം എന്നാണ് അറിയിച്ചതെന്നാണ് സെക്രട്ടറി പറഞ്ഞത്. പഞ്ചായത്ത് പ്രസിഡണ്ടിനെയും വാർഡ് മെമ്പറേയും യോഗം അറിയിക്കാത്തതിൽ പ്രസിഡൻ്റ് അതൃപ്തി രേഖപ്പെടുത്തി. മുൻവർഷങ്ങളിൽ അറിയിച്ചിരുന്നതായും അവർ പറഞ്ഞു. ഇക്കാര്യത്തിൽ യോഗം ചേർന്ന് പഞ്ചായത്തിന്റെ പ്രതിഷേധം അറിയിക്കുമെന്ന് പ്രസിഡണ്ട് വ്യക്തമാക്കി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ