കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുമുള്ള സൗജന്യ യാത്ര പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി കോംപ്ലക്‌സില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രിയദര്‍ശിനി പദ്ധതി ഉദ്ഘാടനം ചെയ്തു. സൗജന്യ യാത്ര സ്ത്രീകള്‍ക്ക് നല്‍കുന്ന ഔദാര്യമല്ലെന്നും സാമൂഹിക സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിലെത്തി ഒരു മാസം കഴിയും മുമ്പേ വാഗ്ദാനം പാലിക്കാനായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം വനിതകള്‍ക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തി. കെഎസ്ആര്‍ടിസിയില്‍ പിഎസ്‌സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയായിരുന്നു ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവര്‍. സ്തീകള്‍ക്ക് സൗജന്യമുള്ള ഓര്‍ഡിനറി ബസുകള്‍ തിരിച്ചറിയാനായി ബസുകളില്‍ 'പ്രിയദര്‍ശിനി' സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്.
സൗജന്യ യാത്ര ആരംഭിക്കുമ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് ഓര്‍ഡിനറി സര്‍വീസ് ഉള്ളത് മലപ്പുറത്താണ്. ഓര്‍ഡിനറിയും ടിടിയും ഉള്‍പ്പെടെ ആകെ 87 ബസുകളില്‍ മാത്രമാണ് സൗജന്യ യാത്ര. ഏറ്റവും കൂടുതല്‍ സ്ത്രീകളുള്ള മലപ്പുറത്ത് സര്‍വീസുകള്‍ കൂട്ടണമെന്നാണ് ഉയരുന്ന ആവശ്യം. അതേസമയം 'പ്രിയദര്‍ശിനി' പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ സിപിഎം പങ്കെടുത്തില്ല.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



